വിശേഷണങ്ങൾ ഇല്ലാത്തവർ
=========================
അച്ഛനും അമ്മയും (മാതാ പിതാക്കൾ) നഷ്ടപ്പെട്ടാൽ മാത്രമേ ഒരാളെ അനാഥൻ (ഓർഫൻ) എന്ന് വിളിക്കുകയുള്ളൂ. അച്ഛൻ മാത്രമോ 'അമ്മ മാത്രമോ നഷ്ടപ്പെട്ട ഒരാളിനെ പ്രത്യേകിച്ച് ഒരു വിശേഷണം നൽകി വിളിക്കാത്തതു എന്ത് കൊണ്ടാണ്? ആ സ്ഥാനത്തു (ജന്മം കൊണ്ടല്ല, മറിച്ചു, കർമ്മം കൊണ്ട്) പകരക്കാർ വന്നേക്കാം. മകൻ/ മകൾ/ മക്കൾ നഷ്ടപ്പെട്ട അച്ഛനും അമ്മയും പ്രത്യേകം വിശേഷണങ്ങൾ ഒന്നും ഇല്ലാത്തവർ തന്നെ.
ഭർത്താവ് മരിച്ച സ്ത്രീയെ (വിഡോ) വിധവ എന്ന് പറയുന്നു. ഒരിക്കൽ വിധവ ആയ സ്ത്രീക് പിന്നീട് ഒരിക്കലും പുനർ വിവാഹം ഇല്ലാത്ത ഒരു കാലം നില നിന്നിരുന്നു. എന്നാൽ ഇന്ന് ഒരു സ്ത്രീ വിധവ ആയാൽ അത്തരം ഒരു വിശേഷണം പിന്നീട് ആവശ്യമില്ലാതെ വന്നേക്കാം. പാശ്ചാത്യ രാജ്യങ്ങളിൽ ഒരു പുരുഷന് തന്റെ ഭാര്യ മരണപ്പെട്ടാൽ അയാളെ widower എന്ന് വിളിച്ചിരുന്നു. ഭാരതത്തിൽ പണ്ടും ഇപ്പോഴും ഭാര്യ നഷ്ടപ്പെട്ടാൽ വേറെ ഒരു സ്ത്രീയെ ഭാര്യ ആയി സ്വീകരിക്കാം എന്നത് കൊണ്ടാവണം മലയാളത്തിൽ അത്തരം ഒരാളിനെ വിധവൻ എന്ന് വിശേഷിപ്പിച്ചു കണ്ടില്ല. ഒരേ ഒരു സ്ഥാനം എന്നത് മാത്രം ആണ് വിശേഷണ പദങ്ങൾ ആയി ഉപയോഗിക്കുന്നത്.
അത് പോലെ തന്നെ ഒരേ ഒരു സുഹൃത്ത് മാത്രം ഉള്ള ഒരാളിനും വിശേണം ഇല്ല. എല്ലാ സുഹൃത്തുക്കളും ഒരുമിച്ചു നഷ്ടപ്പെടുന്ന ഒരാളും സാധാരണ ആയി ഉണ്ടാവുകയും ഇല്ല. ഈ ലോകത്തു പലതും വാക്കുകൾക്ക് അതീതമാണ്. പലതും നേടി എന്ന് അഹങ്കരിക്കുന്ന നമ്മൾക്ക് ഇന്നും അർത്ഥവത്തായ പലതിനും ഉത്തരം നേടാൻ സാധിച്ചിട്ടില്ല. ഉത്തരങ്ങളും അർത്ഥങ്ങളും തേടി അലയുവാൻ ഈ ജന്മം മുഴുവൻ എടുത്താലും സാധിക്കുമോ?
ഗൂഗിൾ ചിലപ്പോൾ പകരം വാക്കുകൾ കണ്ടു പിടിച്ചു തന്നേക്കാം എങ്കിലും ആർക്കും ആരെയും പകരം വെയ്ക്കാൻ ആവില്ലെന്ന തിരിച്ചറിവിൽ നഷ്ടങ്ങളുടെ വേദനയിൽ ആശ്വാസത്തിന്റെ പൊൻ കിരണം ആവാൻ സൗഹൃദങ്ങൾക്ക് സാധിക്കട്ടെ !
ശ്രീജിത്ത് വെങ്കിലോട്