ഏയ് പ്രിയപ്പെട്ട ഞായര്‍,
തിടുക്കപ്പെട്ടു പോകുന്നതിനിടയില്‍ ഒന്ന് പറഞ്ഞോട്ടെ. ഇന്ന് ഈ വര്‍ഷത്തെ അവസാനത്തെ ഞായറാഴ്ചയല്ലേ, ഇനി പുതിയ രൂപത്തിലും ഭാവത്തിലും 2023ല്‍ വീണ്ടും കാണുമ്പോള്‍ പണ്ടത്തെ ആ പഴയ പ്രഭാവത്തോടെ വരുമെന്ന് ഞങ്ങള്‍ ആശിച്ചോട്ടെ. ഞായറാഴ്ച എന്ന ഒരു ദിവസത്തിന് വേണ്ടി ഞങ്ങളൊക്കെ കാത്തിരിക്കാറുണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.
പത്തു ഇരുപത്തിയഞ്ചു വര്‍ഷങ്ങള്‍ള്‍ പിറകിലേക്ക് പോയാല്‍ ഞായറാഴ്ചകളില്‍ രാവിലെ തന്നെ ടെലിവിഷന് മുന്നില്‍ രാമായണവും, മഹാഭാരതവും കാണാന്‍ ഇരുന്നതും, വൈകുന്നേരങ്ങളില്‍ മലയാളം സിനിമ കാണാന്‍ ആന്റിന തിരിച്ചു തിരിച്ചു സിഗ്‌നല്‍ പിടിച്ചതും എങ്ങിനെ മറക്കാന്‍ പറ്റും. പുതിയ തലമുറയ്ക്ക് ഇത് വായിക്കുമ്പോള്‍ അദ്ഭുതം തോന്നുമായിരിക്കും. വിരുന്നുകാര്‍ നമ്മുടെ വീട്ടിലേക്കു വരുന്നതും, ബന്ധു വീടുകളിലേക്ക് വിരുന്നിനായി പോയിരുന്നതും ഞായറാഴ്ചകളില്‍ ആയിരുന്നു. സുഹൃത്തുക്കളുടെ കൂടെ കളിച്ചുല്ലസിച്ചു അര്‍മാദിച്ചതും, നീന്തിത്തുടിച്ചതും അതേ ഞായറാഴ്ചകളില്‍ തന്നെ ആയിരുന്നില്ലേ ! കുട്ടികള്‍ക്കും, വലിയവര്‍ക്കും, പ്രായമായവര്‍ക്കും ഒക്കെ അവരവരുടേതായ വകഭേദങ്ങളില്‍ ഞായറാഴ്ചകള്‍ പ്രിയപ്പെട്ടതായിരുന്നു. ഓരോ ഞായറാഴ്ചകളും കഴിഞ്ഞു പോകുമ്പോള്‍ അടുത്ത ഞായറാഴ്ചയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു എന്നതായിരുന്നു സത്യം.
കാലക്രമേണ ഞങ്ങള്‍ ഞായറിനെ മറന്നതാണോ, ഞായര്‍ നമ്മളെ മറന്നതാണോ എന്നറിയില്ല. 2020ല്‍ രണ്ടു മാസക്കാലം കൊറോണയെ പേടിച്ചു ഞങ്ങളെല്ലാവരും എല്ലാ ദിവസവും മുഴുവന്‍ അവധിയിലായിരുന്നു. ഞായറാഴ്ചകളില്‍ അനുഭവിച്ച അവധിയുടെ സുഖമുള്ള അനുഭവങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ പേടിപ്പെടുത്തുന്ന അവധി ദിവസങ്ങള്‍ നമ്മളനുഭവിച്ചു. ഇപ്പോഴും തികച്ചും പേടി വിട്ടു മാറിയിട്ടില്ലാത്ത അനുഭവ കാലഘട്ടം നമ്മളിലൂടെ കടന്നു പോയിക്കൊണ്ടിരുന്നു. അപ്പോഴാണ് മുന്‍ കാലങ്ങളില്‍ നമ്മള്‍ അവധി ദിവസത്തിന് വേണ്ടി കാത്തിരുന്നതും, ആഴ്ചയില്‍ സന്തോഷങ്ങളുമായി കടന്നു വരുന്ന പ്രിയപ്പെട്ട ഞായറിനെ ശരിക്കും ഓര്‍ത്തു പോകുന്നതും.
പുതു വര്‍ഷത്തില്‍ വീണ്ടും വരുമ്പോള്‍ ഞങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതും, സന്തോഷങ്ങള്‍ നിറഞ്ഞതുമായ ദിവസങ്ങള്‍ സമ്മാനിക്കുമെന്ന് ആഗ്രഹിച്ചോട്ടെ. ഇനിയുള്ള ഞായറുകള്‍ പൊതു അവധി, പൊതു കാര്യങ്ങള്‍ ചെയ്യാനുള്ള ദിവസം, ബന്ധു മിത്രാദികള്‍ക്കു വേണ്ടി മാറ്റി വെക്കാനുള്ള ഒരു ദിവസം എന്ന നിലയിലും ഒക്കെ ഞായറിനെ കൂടെ നിര്‍ത്തി പ്രായശ്ചിത്തം ചെയ്യാന്‍ നമ്മള്‍ തയ്യാറായാല്‍, വീണ്ടും ആ സുദിനത്തിന്റെ പ്രൗഢ ഗംഭീരമായ വരവിനായി നമ്മള്‍ ഇവിടെ കാത്തിരുന്നോട്ടെ!
ശ്രീജിത്ത് വെങ്കിലോട്..